കണ്ണാടി

വളരെ ധൃതിയിൽ അവൻ ബാഗുമെടുത്ത് എങ്ങോട്ടോ ഇറങ്ങിയോടാൻ തയ്യാറെടുക്കുന്നതായ് തോന്നി . ഞാൻ എങ്ങോ കണ്ടുമറന്നൊരു മുഖത്തിൽ അനുവരെയില്ലാത്ത മ്ളാനത. കയ്യിൽ സമയമണിയില്ലാത്ത അവൻ ഇടയ്ക്കിടെ കയ്തണ്ടയിലേക്ക് നോക്കുന്നു, ജംഗമങ്ങൾ തോളിലെ കൂടയിലേക്ക് വലിച്ചെറിയുന്നു ! ഫോണിലെന്തോ കുത്തികുറിച്ചുകൊണ്ട് ,കീശയിൽ നിന്നും താക്കോലെടുത്തു മന്ത്രിച്ചു ” ഏഴ് മണിക്കിനി അമ്പതു നിമിഷങ്ങൾ….ബംഗളൂരു റയിൽവേ സ്റ്റേഷൻ ”

തീരെ ചേർച്ചയില്ലാത്ത കുറച്ചു വാക്കുകൾ. അവ്യക്തമായ വാക്കുകളിലൂടെ ഞാനെന്തോ വായിക്കാൻ ശ്രമിച്ചു. കോളേജിൽ നിന്നും എട്ടു മൈലുകൾക്കപ്പുറമാണ് റെയിൽവേ സ്റ്റേഷൻ . നിലാവുദിച്ചിട്ടു റോഡിൽ ഇറങ്ങിയാലും മുപ്പത്‌ നിമിഷങ്ങൾക്കുള്ളിൽ സ്റ്റേഷൻ എത്തുക അപ്രാപ്യം …ഞാൻ മനസ്സിൽ പറഞ്ഞു , അവന്റെ യമഹയോട് കാര്യം പറഞ്ഞാൽ അവൾ പറപറക്കും . കുറച്ചു കാലമായി യമഹ അവനോടൊപ്പമുണ്ട് ,ബംഗളൂരിൽ അവൾക്കറിയാത്ത ഊടുവഴികൾ ചുരുക്കം !

റോഡിലെ അഭ്യാസങ്ങൾക്കു ശേഷം ആയുസ്സിന്റെ ബലത്തിൽ 6 .45 ഓടുകൂടി അവൻ സ്റ്റേഷനിലെത്തി . ആദ്യയമായി അലസമായ് അവൻ റോഡിലവളെ ഉപേക്ഷിച്ചു . പിണക്കം മാറ്റാനെന്നവണ്ണം അവളെയൊന്നു നോക്കി സ്റ്റേഷനിലേക്ക് ഓടി . വെളുത്ത കോട്ടിട്ടിട്ട അധികാരികളുടെ ഒച്ച അവന്റെ ചെവിയിൽ പതിച്ചില്ല . ഓട്ടത്തിനിടയിൽ അനന്തപുരിയിലേക്ക് കുതിക്കാൻ വെമ്പൽ കൊണ്ട് നീണ്ടുനിവർന്നു കിടക്കുന്ന പുകവണ്ടിയിലേക്ക് അവൻ ദയനീയമായ്‌ നോക്കി . തുടക്കത്തിൽ കണിശയായ അവളിൽ അവൻ ഒരു ദയവും പ്രതീക്ഷിച്ചില്ല . മനസ്സിൽ ഒരു ചിത്രം മാത്രം . S 10 , സീറ്റ് നമ്പർ 58 ..അന്നത്തെ അതിന്റെ ഉടമസ്‌തയേയും ….

വൈകിവന്നതിന്റെ കെറുവെന്നവണ്ണം നിറഞ്ഞ കണ്ണുകളോടെ അവൾ അവനെ നോക്കി. കണ്ണുകളുടെ കഥപറച്ചിൽ അവർക്കന്യമല്ല . പ്ലാറ്റുഫോമിൽ മണികൾ മുഴങ്ങി , പുകവണ്ടി നീങ്ങാൻ തുടങ്ങി ..”അവളോട് “പോകണ്ടാന്നു പറയാൻ പലവട്ടം അവൻ ശ്രമിച്ചു …എന്തോ ..കരങ്ങൾ പതിയെ അകന്നു , കണ്ണുകളും …എന്തോ പറയാൻ ബാക്കിവെച്ച പോലെ . അകന്നുപോയ മുഖം തേടി അവൻ സ്റ്റേഷന്റെ പുറത്തേക്കു കുതിച്ചു, പുകവണ്ടിയുടെ അടുത്ത വിശ്രമസ്ഥലം തേടി . കലങ്ങിയ കണ്ണുകൾ അവന്റെ യമഹക്കുപ്പോലും തലവേദനയായി . ഒരു മണിക്കൂർ അകലെയുള്ള സ്റ്റേഷൻ എത്തുമ്പോൾ അവൻ ഒരുപാട് വൈകിയിരുന്നു ..സമയം അവനു വേണ്ടി ബാക്കിവെച്ച അവസാന ബോഗിയും നോക്കി നിന്നു …..

……….കാലങ്ങൾക്കപ്പുറം, കാതങ്ങൾക്കപ്പുറം ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന അവൻ ചുറ്റും കണ്ണോടിച്ചു . കിടക്കക്കെതിരെ ഭിത്തിയിൽ പിടിപ്പിച്ച കണ്ണാടിയിൽ എന്റെ മുഖം. സമയം ഏഴു മണികഴിഞ്ഞു. കുറച്ചു കാലമായ് സ്റ്റേഷനോട് വളരെ അടുത്തു താമസിക്കുന്ന ഞാൻ വെറുതെ നടക്കാൻ ഇറങ്ങി…….

 

 

Advertisements

ഒരു നേർത്ത കിരണമായ് നീയെൻറെ
ഉള്ളിലെ അന്ധകാരത്തെ വിഴുങ്ങിയപ്പോൾ
ഉള്ളിൽ ജനിച്ചൊരാ നറുവെളിച്ചം എൻറെ
ഉൾക്കൂടിനാകെ കുളിർമയേകി

പേമാരിവന്നെകിലും ,കാറ്റുവന്നെകിലും
നിന്നെ ഞാൻ എന്നുള്ളിൽ കാത്തുവെച്ചു
ഉള്ളിൽ ജനിച്ചൊരാ നറുവെളിച്ചത്തെ കാലം ,
ഉരാഗ്നിയായി എന്നുലയിൽ വാർത്തെടുത്തു

അഗ്നിതൻ ചൂടും വെളിച്ചവും എന്നെ
ഞാൻ അറിയാതെ തന്നെ കാർന്നെടുത്തു
നീ ബാക്കിവെച്ചോരാ ജീവനും വായും
ഇന്നൊരു കരിന്തിരിയായി മാറിടുമ്പോൾ

നിൻറെ ഓർമ്മയ്ക്ക് ചിതയൊരുക്കാൻ
കാലമെന്നെമാത്രം ഇന്നു ബാക്കിയാക്കി …

 

കുറച്ചധികം നാളുകളായി ഏകാന്തവാസം നയിക്കുന്ന ഞാൻ വെറുതെയെങ്കിലും ആർക്കൊക്കയോ ഒപ്പമാണെന്നു കരുതാൻ ഇഷ്ടപെടുന്നു. കോളേജ് വിട്ടുവന്നു മുറിയിലേക്ക് കടക്കുന്നതിന് മുന്നേ വാതിൽ തുറന്നു ചുറ്റും പരതുന്നത് അതുകൊണ്ടായിരിക്കാം . ആരെയാണ് അന്വേഷിക്കുന്നതെന്ന് എനിക്കും അജ്ഞാതം . എന്നാലും വെറുതെ ….അപ്രസക്തമായ ഈ അന്വേഷണത്തിനോട് അടുത്തകാലത്തായി എൻറെ കണ്ണുകൾക്ക് പോലും മമതയില്ല . നിവർത്തിയില്ലായ്‌മ കൊണ്ടാകും, മടുപ്പോടെയാണെകിലും അവർ എന്നെ അനുസരിക്കുന്നു ..

അന്വേഷണത്തിന്റെ ആദ്യപുരസ്കാരം എന്നപോലെ ഇന്നലെ പ്രതീക്ഷിക്കാത്ത ഒരതിഥിയെക്കിട്ടി . ജീവനുണ്ട് , മനുഷ്യനല്ലേ !. കണ്ടമാത്രയിൽ അത്ര സന്തോഷം തോന്നിയില്ലെങ്കിലും അവളെ ഞാൻ നോക്കിനിന്നു. എനിക്കുവേണ്ടി ആയിരുന്നില്ല, പ്രതീക്ഷകളുടെ അസ്തമയമത്തോടടുക്കുന്ന എൻറെ കണ്ണുകൾക്ക് വേണ്ടി. അധികനേരം ആ നോട്ടത്തിന് ആയുസ്സുണ്ടായില്ല . എന്നെ നോക്കാൻ നീയാരെന്ന ഭാവത്തോടെ മിന്നിമറയാൻ ശ്രമിച്ച അവളെ നോക്കി ഞാൻ പറഞ്ഞു “കൂറ (പാറ്റ ) ” . പതിയെ അക്ഷോഭ്യമായ നോട്ടത്തോടെ അവൾ എന്നെ നോക്കി ചോദിച്ചു .

“കുരങ്ങാനായി ജനിച്ചു പരിണാമത്തിന്റെ തോളിൽ കയറി ആന്തരികമായും ബാഹ്യമായും ഇപ്പോഴും എപ്പോഴും പരിണമിക്കുന്ന നീയോ കൂറ, അതോ ഞാനോ ! “.

കോടാനുകോടി വർഷങ്ങളായി അന്നും ,ഇന്നും “കൂറ”; “കൂറ ” തന്നെയാണ് . ആധുനിക “കൂറയായ ” ഞാനോ !!

ചലനമുള്ള ഒരുപാട് ചിന്തകളുമായാണ് ഓരോ വട്ടവും എൻെറ തൂലിക വെളുത്തു തുടുത്ത പേപ്പറിനെ സമീപിക്കുക . എത്ര മനോഹരമായി പ്രണയിച്ചാലും കുറച്ചു നാളുകളായി എൻെറ തൂലികയെ മുന്നോട്ടു നയിക്കാൻ അവൾ മെനക്കെടാറില്ല . എന്തോ മടിപ്പാണ് അവൾക്ക് എന്നോട് , കാരണം അജ്ഞാതം ! ഒരു പക്ഷെ ഞാൻ പകർത്താൻ ശ്രമിക്കുന്ന എന്നെ ഏറ്റുവാങ്ങാനുള്ള വിമുഖതയാകാം, വെളുത്തുതുടുത്ത അവൾക്കു മേലെ മുറുക്കിത്തുപ്പാൻ ശ്രമിക്കുന്ന ധാർഷ്ട്യം എന്നിൽ പ്രതീക്ഷിക്കുന്നുണ്ടാകാം, അല്ലെങ്കിൽ ഇനിയൊന്നും എന്നിൽ നിന്നും പ്രതീക്ഷിക്കുന്നില്ലായിരിക്കാം. ഇനിയും പിൻതിരിഞ്ഞോടാൻ ഞാനില്ല, കാലം വളരെ കുറച്ചു മഷി മാത്രമേ ബാക്കിവെച്ചിട്ടുള്ളു . ഒരിക്കലും പെയ്തൊഴിയാത്ത കാർമേഘങ്ങൾ വിരളമാണത്രെ .

അപ്രിയമാണെകിലും പറയുന്നു, എൻെറ തൂലികയുടെ മഷിക്ക് ഉപ്പുരസമാണിപ്പോൾ. എപ്പോഴും മിന്നിമറയുന്ന നിൻെറ ഓർമ്മകളോട് എൻെറ മറവിക്കുപോലും അസൂയയാണ് !

ഓർമ്മയിലെ മഷിത്തണ്ട്
കാവിലെ കുുളത്തിൽ ഞാനാരെന്ന ഭാവത്തോടെ നോക്കി നില്ക്കുന്ന തവളക്കുട്ടന്മാർ, അവർക്ക് അകമ്പടിയെന്നോണം  എന്നെ തുറിച്ചു നോക്കുന്ന മാനത്തുകണ്ണികൾ, നീന്തി മറിയുന്ന കാളക്കൂട്ടന്മാർ, ഇവയെഒക്കെ പിന്നിലാക്കി ഒരു കുഞ്ഞു മഞ്ചാടി എങ്ങെനെയാണെന്നെ ആകർഷിച്ചത്? ആർക്കറിയാം…ചില കാര്യങ്ങൾ അങ്ങനെയാണ് എത്ര ആലോചിച്ചാലും പിടിതരാണ്ട് ഓടിനടക്കും. സൗഹൃദത്തിന്റെ നിറം ഞാൻ ആദ്യം കണ്ടത് ഈ ചുവന്ന മുത്തിലാണ്. എന്റെ കൂസൃതികളിൽ ചിരിച്ചും, കണ്ണുനീരിൽ കുുതിർന്നും , വാശികളുടെ വേദന അനുഭവിച് ഒരു കുഞ്ഞു മിന്നാമിനുങ്ങായി   എന്നോട് കിന്നരിച്ച മഞ്ചാടികൾ. നടന്നകന്ന വഴികളിൽ കൊതിയോടെ ഞാൻ ചികഞ്ഞിരുന്ന മഞ്ചാടിമണികൾ എന്നോടൊപ്പം കണ്ണുപൊത്തി കളിക്കാറുണ്ടായിരുന്നു. മുത്തശ്ശിയുടെ ഓർമ്മകളിൽ ഇന്നും പൂത്തുനിൽക്കുന്ന ഗണിതം എന്നിലേക്ക്‌ പകർന്ന, നന്മയുടെ വെളിച്ചം അക്ഷരങ്ങളുടെ അക്കങ്ങളായി എന്നിലേക്ക്‌ പൊഴിച്ച മണിമുത്തുകൾ. എന്നോടു പാടിയുല്ലസിച്ച , സന്ധ്യകളിൽ രാമനാമമായി  അമ്മയുടെ മടിയിൽ എന്നോടൊപ്പം ഉറങ്ങിയ ചുവന്ന മുത്തുകൾ.

കാലങ്ങൾക്കപ്പുറം എന്റെ മഷിപ്പേനയിൽ കുറച്ചു വാക്കൂകൾക്ക് ജീവൻ നൽകാൻ ഈശ്വരൻ കരുതിവച്ചതാകാം ഈ ഓർമ്മകളെ. എങ്ങുനിന്നില്ലാതെ അവയെ പരതിക്കുറിക്കുമ്പോൾ എണ്ണിത്തിട്ടപ്പെടുത്താത്ത  മഞ്ചാടി മണികളുമായി ഞാനിന്നും ബാക്കി. വാക്കുകളുടെ വാറോലകളില്ലാതെ കുുറച്ചധികം മഴക്കാലങ്ങൾക്കപ്പുറം ഞാൻ കുുത്തിക്കുറിക്കുന്ന വാക്കുകളായി തെറിച്ചുവീഴുന്നതു മഞ്ചാടി മണികൾ ആണെങ്കിലോ.

ഒരു നീർമുത്തായി പൊഴിയാൻ ഒഴുകി നടക്കാറുണ്ട് , എന്റെ കണ്ണുകളിൽ ഒളിച്ചിരിക്കാനാണ് മഞ്ചാടി മണികൾക്ക്  കൂടുതൽ ഇഷ്ടമെന്ന് തോന്നുന്നു. ഓർമ്മകൾക്ക് ചായം പൂശുന്ന മഷിത്തണ്ടുകൾ.

“ഓർമ്മകളിൽ എവ്ടെയോ തുള്ളിത്തുളുമ്പുന്നു
കാവും, കുുളവും,തൊടിയും ,വഴികളും
ഒരു കാലമെന്നോ ഞാൻ ദൂരെക്കളഞ്ഞൊരാ
മഞ്ചാടി മണികൾ മുളച്ചിരുന്നെങ്കിൽ ”

ഹരികൃഷ്ണൻ.ആർ